Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ (2020)

സങ്കീർത്തനങ്ങൾ 92

ഈ അധ്യായം മലയാളത്തിൽ വായിക്കാം. Divine Threads പഠനസാമഗ്രികൾ പിന്നീട് ചേർക്കും.

1–2യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
3പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.
4യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
5യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
6വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
7ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.
8എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
9യഹോവേ, അങ്ങയുടെ ശത്രുക്കൾ, അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; എല്ലാ അധർമികളും ചിതറിക്കപ്പെടും.
10എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
11എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.
12നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
13അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
14അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
15“യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™
പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc.
Biblica® Open Malayalam Contemporary Version™
Copyright © 1997, 2005, 2017, 2020 by Biblica, Inc.
“Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.

This Scripture text is available under the Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0) license. The original work is freely available at biblica.com and open.bible. See the full source copyright and license notice. The website presents the same Scripture wording in separate verse rows and preserves combined verse-number ranges; source HTML markup and inline footnote popups are omitted from this reader. Any adaptations to the Bible text remain subject to CC BY-SA 4.0; Divine Threads study content is separately authored.