Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ (2020)

സങ്കീർത്തനങ്ങൾ 138

ഈ അധ്യായം മലയാളത്തിൽ വായിക്കാം. Divine Threads പഠനസാമഗ്രികൾ പിന്നീട് ചേർക്കും.

1യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.
2ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തെ വാഴ്ത്തും, കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.
3ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.
5യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.
6യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു; എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
7കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
8യഹോവ എന്നെ കുറ്റവിമുക്തനാക്കും; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ. സംഗീതസംവിധായകന്.
Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™
പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc.
Biblica® Open Malayalam Contemporary Version™
Copyright © 1997, 2005, 2017, 2020 by Biblica, Inc.
“Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.

This Scripture text is available under the Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0) license. The original work is freely available at biblica.com and open.bible. See the full source copyright and license notice. The website presents the same Scripture wording in separate verse rows and preserves combined verse-number ranges; source HTML markup and inline footnote popups are omitted from this reader. Any adaptations to the Bible text remain subject to CC BY-SA 4.0; Divine Threads study content is separately authored.