Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ (2020)

സദൃശവാക്യങ്ങൾ 2

ഈ അധ്യായം മലയാളത്തിൽ വായിക്കാം. Divine Threads പഠനസാമഗ്രികൾ പിന്നീട് ചേർക്കും.

1എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
2ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
3ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
4അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
5അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
7പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,
8നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.
9അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും.
10കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും.
11വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും.
12ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും,
13ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു,
14അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു,
15അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.
16ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും,
17അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു.
18അവളുടെ ഭവനം മരണത്തിലേക്കും അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു.
19അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല, ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല.
20ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം.
21കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും;
22എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും, വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും.
Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™
പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc.
Biblica® Open Malayalam Contemporary Version™
Copyright © 1997, 2005, 2017, 2020 by Biblica, Inc.
“Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.

This Scripture text is available under the Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0) license. The original work is freely available at biblica.com and open.bible. See the full source copyright and license notice. The website presents the same Scripture wording in separate verse rows and preserves combined verse-number ranges; source HTML markup and inline footnote popups are omitted from this reader. Any adaptations to the Bible text remain subject to CC BY-SA 4.0; Divine Threads study content is separately authored.