Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ (2020)

ഇയ്യോബ് 41

ഈ അധ്യായം മലയാളത്തിൽ വായിക്കാം. Divine Threads പഠനസാമഗ്രികൾ പിന്നീട് ചേർക്കും.

1“നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ? അഥവാ, കയറുകൊണ്ട് അതിന്റെ നാക്ക് നിനക്കു ബന്ധിക്കാമോ?
2അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ? അതിന്റെ താടിയെല്ലിൽ ഒരു കൊളുത്ത് കുത്തിയിറക്കാൻ പറ്റുമോ?
3അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ? അതു സൗമ്യമായി നിന്നോടു സംസാരിക്കുമോ?
4അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ?
5ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ? അഥവാ, നിന്റെ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിന് അതിനെ കെട്ടിയിടാമോ?
6വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ? കച്ചവടക്കാർ അതിനെ പങ്കിട്ടെടുക്കുമോ?
7അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ? അഥവാ, അതിന്റെ തലയിൽ മത്സ്യവേധത്തിനുള്ള കുന്തം തറയ്ക്കാമോ?
8അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ, ആ മൽപ്പിടുത്തം നീ എന്നെന്നും ഓർക്കുകയും പിന്നീടൊരിക്കലും അതിനു തുനിയുകയുമില്ല!
9അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം; അതിന്റെ കാഴ്ചയിൽത്തന്നെ നീ വീണുപോകുമല്ലോ.
10അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല; അങ്ങനെയെങ്കിൽ എന്റെമുമ്പിൽ നിൽക്കാവുന്നവൻ ആര്?
11ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ? ആകാശത്തിൻകീഴിലുള്ള സകലതും എനിക്കു സ്വന്തം.
12“ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ ചേലൊത്ത രൂപത്തെയോപറ്റി ഞാൻ മൗനിയാകുകയില്ല.
13അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം? അതിന്റെ ഇരട്ടക്കവചം കുത്തിത്തുളയ്ക്കാൻ ആർക്കു കഴിയും?
14അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും? അതിന്റെ ദന്തനിര ഭയാനകമത്രേ.
15അതിന്റെ ചെതുമ്പലുകൾ പരിചകളാണ്, അവ ഭദ്രമായി മുദ്രവെച്ച് അടച്ചിരിക്കുന്നു;
16വായു കടക്കാത്തവിധം അവ ഒന്നിനോടൊന്നു ചേർന്നിരിക്കുന്നു.
17അവ ഒന്നിനോടൊന്നിണക്കപ്പെട്ട് വേർപെടുത്താൻ കഴിയാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നു.
18അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും; അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്.
19അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു; അതിൽനിന്ന് തീപ്പൊരികൾ മിന്നിച്ചിതറുന്നു.
20തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ അതിന്റെ നാസാരന്ധ്രത്തിൽനിന്ന് പുക വമിക്കുന്നു.
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ആഗ്നേയാസ്ത്രങ്ങൾ പായുന്നു.
22അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു; സംഭ്രമം അതിന്റെ മുമ്പിൽ കുതിക്കുന്നു,
23അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും ഇളക്കമില്ലാതെയും പറ്റിച്ചേർന്നും ഇരിക്കുന്നു,
24അതിന്റെ നെഞ്ച് പാറപോലെ കഠിനം; തിരികല്ലിന്റെ പിള്ളപോലെ ഉറപ്പുള്ളതുതന്നെ.
25അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു; അതിന്റെ മർദനത്തിൽ അവർ പിന്മാറുന്നു.
26വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല; കുന്തമോ ചാട്ടുളിയോ വേലോ എല്ലാം ഫലശൂന്യംതന്നെ.
27അതിന് ഇരുമ്പ് വൈക്കോൽപോലെയും വെങ്കലം ചെതുക്കായ തടിപോലെയുംമാത്രം.
28അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല; കവിണക്കല്ല് അതിനു പതിർപോലെയാണ്.
29ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം; ശൂലത്തിന്റെ കിലുകിലാരവത്തെ അതു പരിഹസിക്കുന്നു.
30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്; ചെളിമേൽ ഒരു മെതിവണ്ടിപോലെ അതു വലിയുന്നു.
31അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു; കടലിനെ അതു തൈലപ്പാത്രംപോലെ ഇളക്കിമറിക്കുന്നു.
32അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു; കടലിനു നരബാധിച്ച പ്രതീതി ജനിപ്പിക്കുന്നു.
33ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല; അതു ഭയമില്ലാത്ത ഒരു ജീവിതന്നെ.
34ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു; അഹന്തയുള്ള എല്ലാറ്റിനുംമീതേ അതു രാജാവുതന്നെ.”
Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™
പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc.
Biblica® Open Malayalam Contemporary Version™
Copyright © 1997, 2005, 2017, 2020 by Biblica, Inc.
“Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.

This Scripture text is available under the Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0) license. The original work is freely available at biblica.com and open.bible. See the full source copyright and license notice. The website presents the same Scripture wording in separate verse rows and preserves combined verse-number ranges; source HTML markup and inline footnote popups are omitted from this reader. Any adaptations to the Bible text remain subject to CC BY-SA 4.0; Divine Threads study content is separately authored.