Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ (2020)

ഇയ്യോബ് 22

ഈ അധ്യായം മലയാളത്തിൽ വായിക്കാം. Divine Threads പഠനസാമഗ്രികൾ പിന്നീട് ചേർക്കും.

1അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:
2“ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ?
3നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്?
4“നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്?
5നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ?
6നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു.
7ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.
8ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു.
9വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു.
10അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
11കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ.
12“ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!
13എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ?
14ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’
15ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ?
16സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു.
17അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’
18എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു.
19നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു.
20‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു.
21“ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും.
22അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും
24നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ,
25സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും.
26അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും.
27നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.
28നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും.
30നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”
Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™
പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc.
Biblica® Open Malayalam Contemporary Version™
Copyright © 1997, 2005, 2017, 2020 by Biblica, Inc.
“Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.

This Scripture text is available under the Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0) license. The original work is freely available at biblica.com and open.bible. See the full source copyright and license notice. The website presents the same Scripture wording in separate verse rows and preserves combined verse-number ranges; source HTML markup and inline footnote popups are omitted from this reader. Any adaptations to the Bible text remain subject to CC BY-SA 4.0; Divine Threads study content is separately authored.